03:20pm 23 October 2026
NEWS
അടൂരിൽ പ്രിജി കണ്ണനെ നേരിടാൻ ആശാനാഥ് എത്തുമോ?
19/03/2026  05:36 PM IST
nila
അടൂരിൽ പ്രിജി കണ്ണനെ നേരിടാൻ ആശാനാഥ് എത്തുമോ?

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ആശാ നാഥിനെ അടൂർ നിയോജക മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാൻ ബിജെപി ആലോചിക്കുന്നെന്ന് റിപ്പോർട്ട്. രണ്ടാം ഘട്ട പട്ടികയിലും ബിജെപി അടൂരിലെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തതിനെ തുടർന്നാണ് ആശാ നാഥ് അടൂരിലേക്കെത്തും എന്ന ചർച്ചകൾ സജീവമാകുന്നത്. 

ആദ്യഘട്ടത്തിൽ പ്രാദേശിക നേതാക്കളെ മത്സരത്തിനിറക്കാനായിരുന്നു തീരുമാനം. എന്നാൽ, എൽഡിഎഫ് യുവ വനിതാ നേതാവ് പ്രിജി കണ്ണനെ സ്ഥാനാർത്ഥിയാക്കിയതോടെയാണ് സംസ്ഥാനമൊട്ടാകെ അറിയപ്പെടുന്ന വനിതാ നേതാവിനെ തന്നെ കളത്തിലിറക്കാൻ ബിജെപിയും ആലോചന തുടങ്ങിയത്. 

ജില്ലാ സെക്രട്ടറി രൂപേഷ് അടൂർ, സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ എന്നിവരുടേതടക്കം പേരുകൾ ചർച്ചയിലുണ്ടെങ്കിലും അന്തിമ തീരുമാനം കേന്ദ്രനേതൃത്വം കൈക്കൊള്ളും. ആശാ നാഥിനെ സ്ഥാനാർഥിയാക്കിയാൽ മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരം ഉണ്ടാകുമെന്നതാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.  2021 നിയമസഭാ തിരഞ്ഞെടുപ്പിൽ ചിറയിൻകീഴ് മണ്ഡലത്തിൽ മത്സരിച്ച ആശ 30,986 വോട്ട് നേടിയിരുന്നു.

തിരുവനന്തപുരം കോർപ്പറേഷനിൽ 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പാപ്പനംകോട് വാർഡിൽ വിജയിച്ച ബിജെപി നേതാവ് കരുമം ചന്ദ്രൻ ഷോക്കേറ്റു മരിച്ചതിനെ തുടർന്ന് 2017ൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ബിജെപി ആശാ നാഥിനെ കളത്തിലിറക്കിയത്. ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ആശയെ 2020ലും നിയോഗിച്ച് വിജയം കണ്ടു. പാപ്പനംകോട് വിഭജിച്ച് കരുമം വാർഡ് രൂപപ്പെട്ടപ്പോഴും ആരാണ് സ്ഥാനാർഥി എന്നതിൽ ബിജെപിക്ക് രണ്ടഭിപ്രായം ഉണ്ടായിരുന്നില്ല. പാർട്ടിയുടെ ആ വിശ്വാസം കാത്ത് മൂന്നാം വട്ടവും കൗൺസിലിലേക്ക് എത്തിയതോടെ ഡപ്യൂട്ടി മേയർ കസേരയും ആശയിലേക്കെത്തി. പിന്നാലെയാണ് അടൂരിലും പേര് ഉയരുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img